എന്നാല്‍ അയവദാനത്തിന്റെ മഹത്വവും ആവശ്യകതയും അറിഞ്ഞിട്ടും പലരും ഇതിനായി മുന്നോട്ടു വരുന്നില്ല എന്നതാണ് വാസ്തവം. അവയവ ദാനത്തെക്കുറിച്ചുള്ള മിഥ്യാധാരണകളും ഭയവും സംശയവും ഒക്കെയാകാം പലരെയും പിന്നോട്ട് വലിക്കുന്നത്. അവയവദാനം എന്ന് കേള്‍ക്കുമ്ബോള്‍ പലരുടെയും മനസില്‍, എന്തിന് അവയവം ദാനം ചെയ്യണം? എങ്ങനെ ചെയ്യണം? അവയവം ദാനം ചെയ്താല്‍ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ? പിന്നീട് സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുമോ? തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നേക്കാം. ഇത്തരം ചോദ്യങ്ങളും ആശങ്കകളും നിലനില്‍ക്കുന്നതിനാല്‍ പലരും അവയവ ദാനത്തിനായി മുന്നോട്ടു വരാന്‍ തയ്യാറാകുന്നില്ല.
ഒന്നോ ഒന്നില്‍ കൂടുതലോ, അവയവങ്ങളോ അവയവ ഭാഗങ്ങളോ ജീവിച്ചിരിക്കുമ്ബോഴോ മരണ ശേഷമോ മറ്റൊരാള്‍ക്ക് മാറ്റിവയ്ക്കുന്ന പ്രക്രിയയാണ് അവയവദാനം എന്ന് ചുരുങ്ങിയ വാക്കില്‍ പറയാമെങ്കിലും, വൈദ്യശാസ്ത്രം, നിയമം, മത-സാംസ്കാരിക-ധാര്‍മിക വിഷയങ്ങളുമായി ഇഴചേര്‍ന്ന വളരെ വ്യക്തിപരവും എന്നാല്‍ സങ്കീര്‍ണവുമായ ഒരു തീരുമാനമാണ് അവയവദാനം. അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച് ജീവന് നഷ്ടമാകുന്ന സാഹചര്യത്തില്‍ ഹൃദയം, വൃക്ക, പാന്‍ക്രിയാസ്, ശ്വാസകോശം, കരള്‍, കണ്ണ്, കുടല്, കൈകള്‍, മുഖം, ടിഷ്യു, മജ്ജ, സ്റ്റെം സെല്ലുകള്‍ തുടങ്ങിയവ ദാനം ചെയ്ത് ഒരാള്‍ക്ക് കുറഞ്ഞത് എട്ട് ജീവന് വരെ രക്ഷിക്കാന്‍ സാധിക്കും എന്നാണ് വിദഗ്ധര്‍ പറയുന്നത്.
പ്രായം, ആരോഗ്യ സ്ഥിതി എന്നീ മാനദണ്ഡങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ അവയവ ദാനത്തിന് തയ്യാറുള്ള ആര്‍ക്കും ദാതാവാകാം. രണ്ട് രീതിയിലുള്ള അവയവദാനം ആണുള്ളത്. ജീവിച്ചിരിക്കുമ്ബോള്‍ ദാനം ചെയ്യുന്നതും മരണ ശേഷം ദാനം ചെയ്യുന്നതും. ജീവിച്ചിരിക്കുന്നവര്‍ക്ക് തങ്ങളുടെ ഒരു വൃക്ക, കുടല്, കരള്‍ എന്നിവയുടെ ഭാഗം, അസ്ഥിമജ്ജ തുടങ്ങിയവ ദാനം ചെയ്യാന്‍ സാധിക്കും. മരണശേഷം രണ്ട് വൃക്കകള്‍, കരള്‍, പാന്‍ക്രിയാസ്, കോര്‍ണിയ, കൈകള്‍ എന്നീ അവയങ്ങള്‍ ബന്ധപ്പെട്ടവരുടെ സമ്മതത്തോടെ ദാനം ചെയ്യാം. ഇതില്‍ മസ്തിഷ്ക മരണവും സ്വാഭാവിക മരണവും (ഹൃദയം നിലയ്ക്കുക) ഉള്‍പ്പെടുന്നു.