ഒമിക്രോണ്‍ എക്സ്.ബി.ബി വകഭേദത്തിന്റെ ഉപവകഭേദമാണ് ഇജി.5. തീവ്രവ്യാപനശേഷിയുള്ളതായി കണക്കാക്കുന്നു. മുൻ വകഭേദങ്ങളെപ്പോലെ തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, വരണ്ട ചുമ, തലവേദന, ശരീരവേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. ലോകത്ത് ഈവര്‍ഷം ഫെബ്രുവരിയിലാണ് ഈ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
ഇജി.5 വ്യാപനത്തില്‍ ആശങ്ക നിലവിലുണ്ടെങ്കിലും മുന്‍കാല വകഭേദങ്ങളേക്കാള്‍ തീവ്രമാകില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. പുതിയ ഉപവകഭേദങ്ങള്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കാനിടയില്ലെന്നും മറ്റുള്ള വകഭേദങ്ങളേക്കാള്‍ അപകടകരമല്ലെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
വാക്സിനേഷനുകളില്നിന്നും അണുബാധയില്നിന്നുമുള്ള പ്രതിരോധശേഷി കുറഞ്ഞുവരുന്നതാവാം വീണ്ടും മറ്റു വകഭേദങ്ങള്‍ വ്യാപിക്കുന്നതിന് പിന്നിലെന്നാണ് അനുമാനം. ലോകത്ത് അമ്ബതോളം രാജ്യങ്ങളില്‍ ഇജി.5 കണ്ടെത്തിയിട്ടുണ്ട്. ചൈന, അമേരിക്ക, ജപ്പാന്, കാനഡ, ആസ്ട്രേലിയ, സിംഗപ്പൂര്‍, യു.കെ, ഫ്രാന്‍സ്, പോര്‍ചുഗല്‍, സ്പെയിന് തുടങ്ങിയ രാജ്യങ്ങളില്‍ വ്യാപനം കൂടുതലാണ്.
അതിനിടെ ഏരിസ് എന്നറിയപ്പെടുന്ന കോവിഡിന്റെ ഇജി 5.1 വകഭേദവും വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഏരിസ് തല്ക്കാലം ഭീഷണിയല്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ നല്കുന്ന നിര്‍ദേശം.