വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാനും അമിതവണ്ണത്തിനും ഇടയാക്കും. അമിതവണ്ണം പല രോഗങ്ങള്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.
ഭക്ഷണം വറുക്കുമ്ബോള്‍ അതില്‍ എണ്ണയുടെ കൊഴുപ്പ് കൂടുതലായി ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ അത് കൂടുതല്‍ കലോറി അടങ്ങിയതായി മാറും. കൊഴുപ്പ് നിറഞ്ഞ ഭക്ഷണം ധാരാളം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ഉയര്‍ന്ന കൊളസ്ട്രോള്‍ ഉണ്ടാക്കുകയും ചെയ്യും. ഇവ രണ്ടും ഹൃദ്രോഗത്തിന് കാരണമാവുന്ന കാര്യങ്ങള്‍ ആണ്.
അമേരിക്കൻ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ 2014-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, പതിവായി വറുത്ത ഭക്ഷണം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വികസിപ്പിക്കുന്നതിനുള്ള അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തി. ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകര്‍ 25 വര്‍ഷത്തിനിടെ 100,000-ത്തിലധികം പുരുഷന്മാരുടെയും സ്ത്രീകളുടെയും ഡാറ്റ പരിശോധിച്ചതിന് ശേഷം സമാനമായ ഫലങ്ങള്‍ കണ്ടെത്തിയിരുന്നു
ആഴ്ചയില്‍ നാലോ അഞ്ചോ തവണ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 39% കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു. സംസ്കരിച്ച മാംസം, അമിതമായി വേവിച്ച ഭക്ഷണങ്ങള്‍, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ ചിലതരം ക്യാൻസര്‍ സാധ്യത വര്‍ദ്ധിപ്പിക്കും. കാരണം, ഈ ഭക്ഷണങ്ങളില്‍ ക്യാൻസറിന് കാരണമാകുന്ന കാര്‍സിനോജനുകള്‍ അല്ലെങ്കില്‍ സംയുക്തങ്ങള്‍ അടങ്ങിയിട്ടുള്ളതായി പഠനങ്ങള്‍ പറയുന്നു