സെപ്റ്റംബര്‍ ഒന്നായ ഇന്ന് മുതല്‍ ഏഴു ദിവസം രാജ്യം ദേശീയ പോഷകാഹാര വാരമായി ആചരിക്കുകയാണ്. ആരോഗ്യപ്രദമായ ഭക്ഷണശീലത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരത്തില്‍ വാരാചരണം ഏര്‍പ്പെടുത്തിയത്.പോഷക സമ്ബന്നമായ ഭക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ഏറെ ചര്‍ച്ചകളുയര്‍ന്നത് കോവിഡിന്റെ വരവോടെയാണ്. കാരണം, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും മറ്റും ഇന്ന് നമ്മളെല്ലാം ഭക്ഷണക്രമത്തില്‍ അതീവ ശ്രദ്ധാലുക്കളാണ്. എന്നാല്‍, ഏത് ഭക്ഷണക്രമവും പോഷക സമ്ബന്നമാകേണ്ടതിന്റെ ആവശ്യകതയാണ് ഈ വാരം ഉയര്‍ത്തുന്നത്.
ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുക, പച്ചക്കറികള്‍ കൂടുതല്‍ കഴിക്കുക, ഫ്രൂട്ട്സ്കുളും ജ്യൂസുകളും ശീലമാക്കുക തുടങ്ങിയവയെല്ലാം ശ്രദ്ധിക്കണം. പോക്ഷക മൂല്യമുള്ള ഭക്ഷണം കിട്ടാത്തത് വിളര്‍ച്ചയിലേക്ക് കൊണ്ടെത്തിക്കുന്നു. വിളര്‍ച്ച കൂടുതലായി കാണുന്നത് സ്ത്രീകളിലും കുട്ടികളിലുമാണ്. ജീവന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വളരെ അടിസ്ഥാനമായ പോഷകങ്ങള്‍ നമുക്ക് ആഹാരത്തിലൂടെ ലഭിക്കേണ്ടതുണ്ട്.ആണ്‍കുട്ടികളില്‍ (16-18 വയസ്) 57 kg തൂക്കമുള്ളവരില്‍ പ്രതിദിനം 78g പ്രോട്ടീനും അതേ പ്രായമുള്ള പെണ്‍കുട്ടികളില്‍ 63g പ്രോട്ടീനും ആവശ്യമാണ്. ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കാൻ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, പച്ചക്കറികള്‍, പാല്, മുട്ട, മത്സ്യങ്ങള്‍ എന്നിവയെല്ലാം ഭക്ഷണത്തിലുള്പ്പെടുത്തേണ്ടതാണ്. ഓരോ ആഹാരത്തിലും ഓരോ വിറ്റമിൻസ് ആണ് അടങ്ങിയിട്ടുള്ളത്.
വിറ്റാമിൻ എ: കൊഴുപ്പിലലിയുന്ന വിറ്റമിൻ ആണിത്. കാഴ്ച, ത്വക്ക്, പ്രതിരോധം, മ്യൂക്കസ് മെമ്ബ്രയിൻ മുതലായവയുടെ നല്ല പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. കണ്ണുകളിലെ വെള്ളയില്‍ ചാര നിറത്തിലുള്ള മറുകുകള്‍ പോലെ കാണപ്പെട്ടാല്‍ വൈറ്റമിൻ എയുടെ കുറവുണ്ടെന്ന് മനസിലാക്കാം. ഇതിന്റെ കുറവ് മൂലമുണ്ടാകുന്ന പ്രധാന രോഗമാണ് നിശാന്ധത. സാധാരണ കാഴ്ചക്കും നിശാന്ധത തടയുന്നതിനും വൈറ്റമിൻ എ വളരെ അത്യവശ്യമാണ്. വിറ്റാമിൻ എ യുടെ കുറവ് കുഞ്ഞുകുട്ടികളില്‍ അന്ധതയ്ക്ക് കാരണമാകുന്നു. പാല്, മുട്ട, കരള്‍, ഇറച്ചി ഇവയെല്ലാം വിറ്റാമിൻ എ യുടെ ഉറവിടങ്ങളാണ്. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ പ്രധാനമായും ഇലക്കറികള്‍ എന്നിവയും വിറ്റാമിൻ എ യുടെ കലവറയാണ്.
വിറ്റാമിൻ ബി: ആരോഗ്യകരമായി തുടരാൻ വിറ്റാമിൻ ബി ശരീരത്തിന് വളരെ അത്യാവശ്യമാണ്. വെള്ളത്തില്‍ ലയിക്കുന്ന വിറ്റാമിനുകളുടെ ഒരു വിഭാഗമാണ് വിറ്റാമിൻ ബി. വിറ്റാമിൻ ബി യില്‍ തന്നെ പല വിഭാഗങ്ങളുണ്ട്. വിറ്റാമിൻ B 1 - തയാമിൻ, വിറ്റാമിൻ B2 -റൈബോഫ്ലാവിൻ, വിറ്റാമിൻ B3 - നിയാസിൻ, വിറ്റാമിൻ B5 - പാന്തോദെനിക്ക് ആസിഡ്, വിറ്റാമിൻ B6 -പിരിഡോക്സിൻ, വിറ്റാമിൻ B7- ബയോട്ടിൻ, വിറ്റാമിൻ B9 - ഫോളേറ്റ്, വിറ്റാമിൻ B12- കോബാലമിൻസ്.
B1, B2, B3, B5, B6, B12 എന്നീ വിറ്റമിനുകളെല്ലാം അടങ്ങിയ ഒന്നാണ് സാല്‍മണ്‍ മത്സ്യം. പച്ചിലക്കറികള്‍, ലിവറുകള്‍ പോലുള്ള മാംസങ്ങള്‍ (ബീഫ് ലിവറില്‍ വിറ്റമിൻ ബി വിഭാഗത്തിലെ എല്ലാ ഉപ വിഭാഗങ്ങളും അടങ്ങിയിട്ടുണ്ട്), മുട്ട, പാല്, ബീഫ്, ഒയസ്റ്റര്‍, കക്ക, കല്ലുമ്മക്കായ്, പയര്‍, ചിക്കൻ, കട്ടിത്തൈര്, പോര്‍ക്ക് തുടങ്ങിയ ഭക്ഷണങ്ങളിലെല്ലാം വിറ്റമിൻ ബിയുടെ വിവിധ വിഭാഗങ്ങള്‍ അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ C: ഇതൊരു മൈക്രോന്യൂട്രിയന്റും ആന്റി ഓക്സിഡന്റുമാണ്. വിറ്റാമിൻ സിയുടെ കുറവ് മൂലമുണ്ടാകുന്ന രോഗമാണ് സ്കര്‍വി.
ഓറഞ്ച്, നാരങ്ങ, നെല്ലിക്ക, തക്കാളി, പേരക്ക എന്നിവയിലെല്ലാം വിറ്റമിൻ സി അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ ഡി: ഭക്ഷണത്തില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കുന്ന വിറ്റമിൻ ആണ് ഡി വിറ്റമിൻ. ക്ഷീണം, മുടി കൊഴിച്ചില്‍, രോഗ പ്രതിരോധ ശേഷി കുറയുക എന്നിവയൊക്കെ വിറ്റമിൻ ഡിയുടെ കുറവ് മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ്. ബീഫ് ലിവര്‍, സാല്മൻ, ടൂണ തുടങ്ങിയവയെല്ലാം വിറ്റമിൻ ഡിയുടെയും ഉറവിടങ്ങളാണ്.
വിറ്റാമിൻ ഇ: വിറ്റാമിൻ ഇ ഒരു ആന്റി ഓക്സിഡന്റ് ആണ് ശരീര കോശങ്ങളെ സംരക്ഷിക്കാൻ സഹായിക്കുന്നു. മുടി കൊഴിച്ചില്‍ തടയുക, തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുക തുടങ്ങിയവയെല്ലാം വിറ്റാമിൻ ഇ യിലൂടെ സാധ്യമാകുന്നു. ബദാം, ഹേസല്‍ നട് ഓയില്‍, സണ്‍ഫ്ലവര്‍ ഓയില്‍, ആല്‍മണ്ട് ഓയില്‍, പീനട്ട്, അവക്കാഡോ, കാപ്സിക്കം, മാങ്ങ, കിവി ഫ്രൂട്ട് തുടങ്ങിയവ വിറ്റമിൻ ഇ ധാരാളമായി അടങ്ങിയിട്ടുണ്ട്.
വിറ്റാമിൻ കെ: രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന പോഷകമാണ് വിറ്റാമിൻ കെ. കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകളുടെ കൂട്ടമാണ് കെ വിറ്റമിനുകള്‍. പച്ചക്കറികള്‍, പഴങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയിലെല്ലാം വിറ്റമിൻ കെ അടങ്ങിയിട്ടുണ്ട്.